2009, ജൂൺ 4, വ്യാഴാഴ്‌ച
അമ്മിഞ്ഞ
"അമ്മേ, വേഗം കുളിച്ച് ഒരുങ്ങ്, നമുക്ക് ഒരിടം വരെ പോകണം." പതിവില്ലാതെ മകന്‍റെ വിളി കേട്ടപ്പോള്‍ ഒരമ്പരപ്പായിരുന്നു ഗോമതിയമ്മക്ക്. അമ്മേ എന്ന വിളി കേട്ട കാലം മറന്നു."എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്, നമുക്കൊന്ന് പുറത്ത് പോകാം, ബോംബെയില്‍ നിന്നും ഏട്ടനും മദ്രാസില്‍ നിന്നും മാളുവും ഒക്കെ വരുന്നുണ്ട് അമ്മേ."എത്രയോ വര്‍ഷങ്ങളായി കണ്ടിട്ടെങ്കിലും മക്കള്‍ വരുന്നെന്ന് കേട്ടപ്പോള്‍ അമ്പരപ്പ് സന്തോഷത്തിനു വഴിമാറി. കസേരയില്‍ നിന്നും കുത്തിപ്പിടിച്ചു എഴുന്നേറ്റപ്പോള്‍ തെന്നിവീഴുമെന്നു തോന്നിയെങ്കിലും ഒരു കൈ സഹായം കിട്ടിയത് മരുമകളുടെ."അമ്മക്ക് കുളിക്കുകയൊന്നും വേണ്ട ചേട്ടാ, ഇനി ഈ നേരത്ത് കുളിച്ച് പനി പിടിച്ചാലോ... വെറുതെ ഈ മുണ്ടൊക്കെ ഒന്ന് മാറ്റിയാല്‍ മതി." ശ്രീദേവി പറഞ്ഞു.താന്‍ സ്വപ്നം കാണുകയാണോ ദൈവമേ, ഇതൊക്കെ തന്‍റെ ജീവിതത്തില്‍ തന്നെയാണൊ. തള്ള, കിഴവി, മാരണം, നാശം എന്നൊക്കെയല്ലാതെ തന്‍റെ മരുമകള്‍ ഒരിക്കെലെങ്കിലും തന്നെ അമ്മയെന്ന് വിളിച്ചു കേട്ടിട്ടില്ലല്ലോ. എന്താണ് എന്‍റെ മക്കള്‍ക്ക് പറ്റിയത്. മരുമകള്‍ കൊടുത്ത പുതിയ സെറ്റ് മുണ്ട് എടുക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആനന്ദമായിരുന്നു ഗോമതിയമ്മയുടെ മനസ്സ് നിറയെ. എന്നും തന്നെ മുറിയില്‍ അടചിട്ട് പുറത്തു പോകാറുള്ള മകനും മരുമകളും ഇന്ന് തന്നെയും ഒപ്പം കൂട്ടിയിരിക്കുന്നു, തന്നെ പുതുവസ്ത്രം അണിയിക്കുന്നു. ഈ നിമിഷത്തില്‍ താന്‍ തീര്‍ന്നു പോയിരുന്നെങ്കിലെന്നു ആ പാവം അമ്മ അറിയാതെ ആശിച്ചുപോയി.കാറില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ ശ്രീദേവി പറഞ്ഞു. " ചേട്ടാ ആ ഏ സി ഓഫ് ചെയ്തോളു, അമ്മക്ക് തണുപ്പ് പിടിക്കില്ല, ആ ഗ്ലാസ് അല്പം താഴ്ത്തിവെച്ചാല്‍ മതി."കാര്‍ ഓടിക്കൊണ്ടിരുന്നു. പ്രകൃതിയുടെ വിശാലതയിലേക്ക് കണ്ണും നട്ട് ഗോമതിയമ്മയിരുന്നു.കാര്‍ നിര്‍ത്തിയയിടത്ത് ആരൊക്കെയോ നില്പുണ്ടായിരുന്നു. മരുമകള്‍ കൈ പിടിച്ചു വണ്ടിയില്‍നിന്നും ഇറക്കി. പുറത്ത് നിന്നിരുന്നവരുടെ മുഖത്തേക്ക് ഗോമതിയമ്മ മാറി മാറി നോക്കി."ഈശ്വരാ... എന്‍റെ മക്കളല്ലേ ഇത്." അറിയാതെ പറഞ്ഞു പോയി."എന്താ അമ്മേ സുഖമല്ലേ." പദ്മനാഭന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു."മോനെ പദ്മനാഭാ..." മകന്‍റെ നേരെ കൈ നീട്ടിയെന്കിലും അതു കാണാത്ത രൂപത്തില്‍ അയാള്‍ സഹോദരനോടായി പറഞ്ഞു."സുരേഷേ, എനിക്ക് ഇന്ന് തന്നെ മടങ്ങണം, ഉച്ചക്കുള്ള ഫ്ലൈറ്റ്നാണ് ടിക്കറ്റ്. അതിനുമുന്‍പ് ഫോര്‍മാലിടീസ് ഒക്കെ തീരുമല്ലോ അല്ലെ.""പിന്നെന്താ, ഇത് ഇപ്പോള്‍ തീരും, പേപേഴ്സ് എല്ലാം രജിസ്ട്രാര്‍ ശരിയാക്കി വെച്ചിട്ടുണ്ട്." സുരേഷ് മറുപടി പറഞ്ഞു.മാളു ഓടിവന്ന് അമ്മയെ കെട്ടിപിടിച്ചു."അമ്മേ, എന്തൊക്കെയാ അമ്മേ, അമ്മക്ക് സുഖം തന്നെയല്ലേ.""മാളൂ.." ഗോമതിയമ്മക്ക് കരയാതിരിക്കാനായില്ല."അമ്മയാകെ ക്ഷീണിച്ചു പോയല്ലോ, എന്താ അമ്മക്ക് സുഖമുണ്ടായിരുന്നില്ലേ, എന്താ നാത്തൂനെ, അമ്മക്ക് അസുഖം വല്ലതും ഉണ്ടായിരുന്നൊ?" ശ്രീദേവിയോടായി മാളു ചോദിച്ചു.അവജ്ഞ്ഞയോടെയുള്ള ഒരു നോട്ടമായിരുന്നു നാത്തൂനില്‍ നിന്നുള്ള മറുപടി."എനിക്കൊരു അസുഖവുമില്ല മോളെ, നിങ്ങളെയൊക്കെ ഒന്ന് കാണാന്‍ പറ്റിയല്ലോ." വിറയാര്‍ന്ന സ്വരത്തില്‍ ഗോമതിയമ്മ പറഞ്ഞു."മാളൂ അമ്മയെ കൊണ്ടു വരൂ, രജിസ്ട്രാര്‍ വിളിക്കുന്നു." അകത്തു നിന്നും സുരേഷ് വിളിച്ചു പറഞ്ഞു.മാളു അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു. ഒന്നും മനസ്സിലാകാതെ അവര്‍ കാണിച്ച പേപ്പറുകളില്‍ വിരലടയാളങ്ങള്‍ പതിച്ചു കൊടുത്തു."ഞാന്‍ പോട്ടെ അമ്മേ, അവിടെയിപ്പോള്‍ നല്ല തിരക്കുള്ള സമയമാണ്. ഇന്ന് തന്നെ മടങ്ങണം." പുറത്തേക്കിറങ്ങിയ ഉടന്‍ പദ്മനാഭന്‍ അമ്മയോടായി പറഞ്ഞു."പദ്മനാഭാ.. സരളയും കുട്ടികളുമൊന്നും പോന്നില്ലെടാ.. ""അവരൊന്നും വന്നിട്ടില്ലമ്മേ.. ഇവിടെ വന്നിട്ട് അവര്‍ക്കൊക്കെ എന്താ കാര്യം." മറുപടി മുഴുവനാക്കും മുന്‍പേ പദ്മനാഭന്‍ നടക്കാന്‍ തുടങ്ങിയിരുന്നു."ഞാന്‍ വരട്ടെടാ സുരേഷേ..." അനുജനോടായി പറഞ്ഞു കൊണ്ടു തിടുക്കപ്പെട്ടു നടക്കാന്‍ തുടങ്ങിയ ഏട്ടനോട് സുരേഷ് ചോദിച്ചു."ഏട്ടന്‍ പോകുകയാണോ? എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്.""ഉം എന്താ?""അല്ലാ, അത് അമ്മയുടെ കാര്യം. ""ഉം എന്താ അമ്മയുടെ കാര്യം?""ഇത്രയും കാലം ഞാനല്ലേ അമ്മയെ നോക്കിയത്, അപ്പൊ ഇനി നിങ്ങളാരെങ്കിലും അമ്മയെ കൊണ്ട്പോയാല്‍ വലിയ ഉപകാരമായിരുന്നു. ""എന്താ സുരേഷേ നീ പറയുന്നത്, അവിടത്തെ ക്ലൈമാറ്റൊക്കെ അമ്മക്ക് പിടിക്കുമോ?""എന്നാല്‍ മാളു കൊണ്ടുപോകട്ടെ.""ഞാനെങ്ങിനെയാ, അവിടെ മോഹന്‍ ചേട്ടന്‍റെ അമ്മയില്ലേ... അതിനെ നോക്കിത്തന്നെ ഞാന്‍ ഇടങ്ങേറയിരിക്കുകയാ.." മാളു ഇടയില്‍ കയറി പറഞ്ഞു."ഇത്രയും കാലം ഞാന്‍ ബുധിമുട്ടിയതാ, ഇനി എനിക്ക് വയ്യ." സുരേഷ് ഉറപ്പിച്ചു പറഞ്ഞു."നമുക്ക് പ്രാക്ടിക്കലായിട്ടു ചിന്തിക്കാം. അമ്മയെ വല്ല ശരണാലയത്തിലും ആക്കാം." പദ്മനഭാനാണ് നിര്‍ദേശം വെച്ചത്."അവിടത്തെ ഫീസും കാര്യങ്ങളുമൊക്കെ ആര് നല്‍കും. ഇത്രയും കാലം ഞാന്‍ തന്നെയാ അമ്മയുടെ ചിലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത്. നിങ്ങളോട് ആരോടും ഒന്നും ചോദിചിട്ടില്ലല്ലോ." സുരേഷ് പറഞ്ഞു."അത്പിന്നെ നിനക്കല്ലേ തറവാട് കിട്ടിയത്, അതുകൊണ്ട് നീ തന്നെയല്ലേ അമ്മയുടെ ചിലവും വഹിക്കേണ്ടത്." മാളുവും വിട്ടു കൊടുത്തില്ല."ഓ കെ എല്ലാവരും കൂടി എന്‍റെ തലയില്‍ കേട്ടിവേച്ചല്ലോ, നിങ്ങളെല്ലാവരും നിങ്ങളുടെ വഴിക്ക് പോവുകയും ചെയ്യും. ആയ്ക്കോട്ടേ, പോകുന്നവരൊക്കെ പൊയ്ക്കോളൂ. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്." സുരേഷ് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് കാറിനു അടുത്തേക്ക് നടന്നു.തന്നെക്കുറിച്ച് മക്കള്‍ ചര്‍ച്ച ചെയ്യുന്നതെന്താണ് എന്നറിയാതെ അമ്മ അപ്പുറത്ത് നില്‍ക്കുകയായിരുന്നു."എന്താ പോരുന്നില്ലേ, മക്കളൊക്കെ വന്ന വഴിക്ക് സ്ഥലം വിട്ടു. ഇനി ആരെ കാത്താണ് ഇവിടെ നില്‍ക്കുന്നത്." ദേഷ്യം മുഴുവനും അമ്മയോട് തീര്‍ക്കുകയായിരുന്നു സുരേഷ്.വേചു വേചു കാറിനകത്തേക്ക് കയറുമ്പോള്‍ ഒന്ന് കൈ പിടിക്കാന്‍ പോലും ആരും മിനക്കെട്ടില്ല."ഇനിയെന്താ അടുത്ത പരിപാടി. ഇതിനെ ഇനിയും വീട്ടിലേക്ക് തന്നെ കൊണ്ട്പോകുകയാണോ.""ശ്രീദേവി പ്ലീസ്, ഒന്ന് മിണ്ടാതിരി, കുറച്ച് മനസ്സമാധാനം താ." ഭാര്യയുടെ ചോദ്യത്തിനു സുരേഷിനു മറുപടിയില്ലായിരുന്നു."ഞാനങ്ങനെ മിണ്ടാതിരിക്കില്ല. കുറെ കാലമായി ഞാനീ മാരണം ചുമക്കുന്നു. ഇനി എന്നെക്കൊണ്ട് പറ്റില്ല. അത്രതന്നെ." ശ്രീദേവിയും വിട്ടു കൊടുത്തില്ല. "വീട്ടില്‍ നിന്നും പോരുമ്പോള്‍ എന്തൊക്കെയാ പറഞ്ഞിരുന്നത്, ഏട്ടന്‍ കൊണ്ടുപോകും അല്ലെങ്കില്‍ മാളു കൊണ്ടുപോകും, എവിടെ ആ ഏട്ടനും മാളുവും ഒക്കെ." പോരിനു തയ്യാറായി തന്നെയായിരുന്നു അവളും.ഗോമതിയമ്മക്ക് കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി. മക്കള്‍ക്ക് താനൊരു ഭാരമായിരിക്കുന്നു. ഗോമതിയമ്മ കണ്ണും അടച്ചു കിടന്നു. ശീതീകരിച്ച കാറിലെ തണുപ്പ് ഗോമതിയമ്മയുടെ ശരീരം മരവിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും മനസ്സില്‍ തീ ആളിക്കത്തുകയായിരുന്നു. വറ്റി വരണ്ടു പോയെങ്കിലും മനസ്സില്‍ തിളച്ചു മറിയുന്ന ചൂടിന്‍റെ കാഠിന്യംകൊണ്ട് ഉതിര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ സെറ്റ് മുണ്ടിന്‍റെ കസവുകരയിലൂടെ കാല്‍പാദങ്ങളെ നനച്ചു. അവര്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു."ഞാനിനി എന്താ ചെയ്യേണ്ടത്." സുരേഷ് നിസ്സഹായനായി ചോദിച്ചു."എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം, നിങ്ങള്‍ വണ്ടി കിനാലൂര്‍ അമ്പലത്തിലേക്ക് വിടൂ." ശ്രീദേവി പറഞ്ഞു.കിനാലൂര്‍ അമ്പലത്തിന്‍റെ മുന്നിലെ ആല്മരത്തണലില്‍ സുരേഷ് കാര്‍ നിര്‍ത്തി."ഇറങ്ങമ്മേ." സുരേഷ് ഡോര്‍ തുറന്നു പിടിച്ചു.ഇവന്‍ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന് മനസ്സിലാകാതെ ഗോമതിയമ്മ ഇറങ്ങി. എന്തായാലും ഭഗവാന്‍റെ മുന്നില്‍ ഒന്ന് തോഴാമല്ലോ. അവര്‍ മനസ്സിലോര്‍ത്തു. അവര്‍ അമ്മയെയും കൂട്ടി അമ്പലത്തിലേക്ക് നടന്നു.പടിപ്പുര കഴിഞ്ഞുള്ള പടികളിറങ്ങുമ്പോള്‍ ആ വൃദ്ധമാതാവ് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വീണു പോകുമെന്ന് തോന്നിയപ്പോള്‍ ഒരു സഹായത്തിനായി കൈ നീട്ടി. അതുവഴി പോകുന്ന ഏതോ ഒരു സ്ത്രീ ആ കൈകളില്‍ ഒന്ന് താങ്ങി. പിറകിലായിരുന്ന മകനെയും മരുമകളെയും ഒന്ന് തിരിഞ്ഞു നോക്കി. അവര്‍ എന്തൊക്കെയോ സംസാരിച്ചു നില്‍ക്കുന്നു."അമ്മ പോയി തൊഴുതിട്ടു വരൂ" സുരേഷ് വിളിച്ചു പറഞ്ഞു."വരൂ ഞാന്‍ കൊണ്ട് പോകാം." കൈ തന്നു സഹായിച്ച മധ്യവയസ്കയായ സ്ത്രീ പറഞ്ഞു. അവരുടെ കൈ പിടിച്ചു കോവിലിലേക്ക് നടന്നു. ഈശ്വരന്‍റെ മുന്നില്‍ നിന്ന് തൊഴുകൈയോടെ ആ അമ്മ പ്രാര്‍ത്ഥിച്ചത് മുഴുവന്‍ തന്‍റെ മക്കള്‍ക്ക് നന്മ വരുത്തണേ എന്നായിരുന്നു.പടിപ്പുരക്കല്‍ മകന്‍ കാത്തു നില്‍ക്കുന്നുണ്ടാകും. പ്രാര്‍ത്ഥിച്ചു നിന്ന് നേരം പോയതറിഞ്ഞില്ല. ഗോമതിയമ്മ തിരിഞ്ഞു നടന്നു. പടികളോട് ചേര്‍ന്ന മതിലില്‍ പിടിച്ചു സാവധാനം പടിപ്പുരയിലെത്തി. മക്കളെ അവിടെ കണ്ടില്ല. കാറില്‍ കയറിയിരുന്നിട്ടുണ്ടാകും. മെല്ലെ മെല്ലെ ആല്തറയുടെ അടുത്തേക്ക് നടന്നു. അവിടെ കാറും കാണുന്നില്ലല്ലോ."ഇവരിതെവിടെ പോയി ദൈവമേ." ഗോമതിയമ്മ കുറച്ചു നേരം അവിടെ നിന്നു."മോനെ സുരേഷേ.. " വിളിച്ചു നോക്കി."ആരെയാ വിളിക്കുന്നത്, നിങ്ങളുടെ കൂടെ വന്നവരെയാണോ" ആല്തറയില്‍ ഇരുന്നിരുന്ന താടിവെച്ച ആള്‍ ചോദിച്ചു."അതെ.." വിറക്കുന്നുണ്ടായിരുന്നു ആ സ്വരം"അവര്‍ തിരിച്ചു പോയല്ലോ."ഗോമതിയമ്മയുടെ കണ്ണുകളില്‍ ഇരുട്ട് പരന്നു. വീണു പോകാതിരിക്കാന്‍ അവര്‍ ആ ആല്തറയില്‍ പിടിച്ചു. പിന്നെ പതിയെ ആ നിലത്തിരുന്നു. കണ്ണുനീരും ചോരയും മാഞ്ഞുപോയ ഭീതിതമായ അവരുടെ കണ്ണുകളില്‍ നിന്നും അപ്പോള്‍ തുള്ളികള്‍ വീഴുന്നില്ലായിരുന്നു.അമ്പലത്തിലേക്ക് പോകുകയായിരുന്ന ഒരു സ്ത്രീ ആ ആല്തറയുടെ മറവിലിരുന്ന് തന്‍റെ കൈ കുഞ്ഞിനെ മുലയൂട്ടുന്നുണ്ടായിരുന്നു. കുഞ്ഞിനെ താലോലിച്ചു കൊണ്ട് മാറിടം ചുരത്തുന്ന ആ അമ്മയെയും, ഉത്സാഹത്തോടെ അമ്മയുടെ അമ്മിഞ്ഞ ഊറ്റിക്കുടിക്കുന്ന ആ കുഞ്ഞിനെയും നോക്കിക്കൊണ്ട് ഗോമതിയമ്മയിരുന്നു.... ഏകാന്തയായി..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വളരെ നന്നായിരിക്കുന്നു. വാര്‍ദ്ധക്യം എല്ലാര്‍ക്കും വരാനുള്ളത് ആണെന്ന് മക്കള്‍ മനസ്സിലാക്കിയെങ്കില്‍ .. അവര്‍ക്കും ഇങ്ങനെ ഒരു സന്ദര്‍ഭം വരാനുണ്ട്..
മറുപടിഇല്ലാതാക്കൂ